സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ദീപിക പദുകോണ്‍ അടക്കം താരങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ലഹരി ഇടപാടുകാരുടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ ഭാഗമായി നില്‍ക്കുന്നവരെയും, മുഖ്യ ഇടനിലക്കാരെയും കണ്ടെത്തുകയാണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ലക്ഷ്യം. ദീപിക പദുകോണ്‍, മാനേജര്‍ കരിഷ്മ പ്രകാശ്, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സംവിധായകന് കരണ്‍ ജോഹറിന്റെ ജീവനക്കാരന് ക്ഷിതിജ് പ്രസാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരുപത് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ടാണ് ജീവനക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിയ ചക്രവര്‍ത്തി അടക്കം 18 പേര് ഇതുവരെ അറസ്റ്റിലായി. പുതുതായി ആര്‍ക്കും സമന്‍സ് നല്‍കിയിട്ടില്ല. മൊഴികളില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം ദീപിക അടക്കമുള്ളവരെ വീണ്ടും വിളിച്ചുവരുത്തണമോയെന്ന് അന്വേഷണസംഘം തീരുമാനമെടുക്കും.
സംവിധായകന് കരണ്‍ ജോഹറിന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്തുവെങ്കിലും 2019ല്‍ കരണ്‍ ജോഹറിന്റെ വീട്ടില്‍ നടന്നുവെന്ന് പറയുന്ന പാര്‍ട്ടിക്ക് കേസുമായി ബന്ധമില്ലെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ എംഎംഎ ജെയിന് വ്യക്തമാക്കി. പാര്‍ട്ടിയില്‍ കൊക്കയ്ന്‍ അടക്കം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.