എറണാകുളം: ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ആറു പേര് പിടിയിലായി. പ്രദേശത്ത് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു കള്ളനോട്ട് നിര്‍മ്മാണം നടത്തികൊണ്ടിരുന്നത്. കെട്ടിട നിര്‍മാണത്തിനെന്ന വ്യാജേനയാണ് സംഘം വീട് വാടകയ്ക്കെടുത്തിരുന്നത്. ഒറ്റപ്പെട്ട പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്.
റെയ്ഡില്‍ ഏഴരലക്ഷത്തോളം രൂപയുടെ 500 ൻ്റെ കള്ളനോട്ടും കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന മെഷീനുകളും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് 7 പേരെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പ്രിന്റര്‍, ഫോട്ടോ സ്റ്റാറ്റ് മെഷീന്, സ്ക്രീന്‍ പ്രിന്റിംഗ് മെഷീന്, നോട്ടെണ്ണുന്ന മെഷീന്, മഷി, പേപ്പറുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പോലിസും മറ്റു വിവിധ വകുപ്പുകളും ചേര്‍ന്ന് ഇവിടെ പരിശോധന നടത്തിയത്.
എ.ടി.എസും (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) എറണാകുളം റൂറല്‍ ജില്ലാ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. നാല് മാസമായി ഇവര്‍ ഇവിടെ താമസിച്ചു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
പിടിയിലായവര്‍ക്ക് ഇടുക്കി,പത്തനംതിട്ട ജില്ലകളിലും ബന്ധങ്ങളുള്ളതായി പോലിസ് കണ്ടെത്തി. ഈ ജില്ലകള്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിറവം ടൗണില്‍ പച്ചക്കറിക്കടക്കാരന് ലഭിച്ച 500 രൂപയുടെ നോട്ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോലിസ് അന്വേഷണം തുടങ്ങിയതും പ്രതികളെ പിടികൂടിയതും.