കോയമ്പത്തൂര്‍ സ്ഫോടനം ചാവേര്‍ ആക്രമണമെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം’, ‘സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം’. സ്ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന് വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.
കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചനയുമുണ്ട്. മുബീന്റെ 13 ശരീര ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമേഷയുടെ വീട്ടില്‍ നിന്ന് സംശയാസ്പദമായ രേഖകള്‍ പലതും പൊലീസ് കണ്ടെത്തി.
കോയമ്പത്തൂര്‍ നഗരത്തിലെ ക്ഷേത്രങ്ങള്‍, കളക്ട്രേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടില്‍ നിന്ന് 75 കിലോ സ്ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്നും സംശയമുണ്ട്.
ഇന്നലെ റിമാന്‍ഡിലായ 5 പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. നഗരത്തില്‍ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുകയാണ്. ജനവാസ മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാണ്.