കണ്ണൂര്‍: തലശ്ശേരിയില്‍ നിന്നും നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരില്‍ വെച്ചാണ് രാജ് കബീറിനേയും ശ്രീദിവ്യയേയും കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരികരിച്ചുള്ള അന്വേഷണത്തിനൊടുവിലാണിത്. രാവിലെ പത്തരയോടെ ഇരുവരെയും ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കും. ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ ദമ്പതികള്‍ മനം മടുത്ത് നാടുവിട്ടെന്ന വാര്‍ത്ത വിവാദമായിട്ടുണ്ട്.
‘ഫാന്‍സി ഫണ്‍’ എന്ന ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന രാജ് കബീറും ഭാര്യ ശ്രീദിവ്യയും നഗരസഭയ്ക്കെതിരെ കത്തെഴുതിവെച്ച ശേഷം നാടുവിടുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും പൊലീസ് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി. ഡിഐജി രാഹുല്‍ ആര് നായരുടെ നിര്‍ദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘമാണ് ഇവരെ തിരികെ കൊണ്ടുവരുന്നത്.
നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ മൊത്ത വ്യാപാര കട നഗരസഭ അടപ്പിച്ചത്. സ്ഥാപനത്തിന് മുന്നിലെ സ്ഥലത്ത് ഷീറ്റ് ഇട്ടതിനെ തുടര്‍ന്ന് 4.17 ലക്ഷം രൂപ നഗരസഭ പിഴയിട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൂടി ഫര്‍ണിച്ചര്‍ കടയുടെ ഭാഗമായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നല്കി.
കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പിഴ കുറയ്ക്കണമെന്നും രാജ് കബീര്‍ അഭ്യര്‍ത്ഥിച്ചു. പക്ഷെ, നഗരസഭ വഴങ്ങിയില്ല. ജൂലൈ 27ന് സ്ഥാപനത്തിന്റെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്ത് താഴിട്ട് പൂട്ടി. ഇതിനേത്തുടര്‍ന്ന് രാജ് കബീര്‍ ഹൈക്കോടതിയെ സമീപിച്ചു. പിഴത്തുകയുടെ പത്ത് ശതമാനമായ 41,600 രൂപ അടച്ചാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
തിങ്കളാഴ്ച്ച കോടതി നിര്‍ദ്ദേശ പ്രകാരം തലശ്ശേരി നഗരസഭയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പിഴ അടയ്ക്കാന്‍ സമ്മതിച്ചില്ലെന്നാണ് രാജ് കബീറിന്റെ ആരോപണം. കോടതി ഉത്തരവാണെങ്കില്‍ ഔദ്യോഗിക ചാനല്‍ വഴി വരണമെന്ന് പറഞ്ഞ് തിരിച്ച് അയച്ചെന്നും ദമ്പതികള്‍ പറയുന്നു.
തങ്ങളുടെ സ്ഥാപനമായ ‘ഫാന്‍സി ഫണ്‍’ എന്നെന്നേക്കുമായി പൂട്ടിക്കാനാണ് നഗരസഭയുടെ ശ്രമമെന്ന് രാജ് കബീര്‍ കുറിപ്പില്‍ എഴുതി. ഞങ്ങളെ ഭീഷണിപ്പെടുത്തി ഇവിടെ നിന്നും ഒഴിപ്പിച്ച് സ്ഥാപനം മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തന്റേയും ശ്രീദിവ്യയുടേയും തിരോധാനത്തിന് ഉത്തരവാദികള്‍ നഗരസഭയാണെന്നും രാജ് കബീര്‍ ആരോപിക്കുകയുണ്ടായി.
വ്യവസായികളെ ബോധപൂര്‍വ്വം ദ്രോഹിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. നഗരസഭയെ മോശമായി ചിത്രീകരിക്കാനാണ് രാജ് കബീറും ഭാര്യയും നാട് വിട്ടതെന്ന് ചെയര്‍ പേഴ്സണ്‍ ജമുനാ റാണി പ്രതികരിച്ചു. സ്ഥാപനത്തിന് മുന്നില്‍ അനധികൃതമായി ഷീറ്റ് ഇട്ടതിനാണ് പിഴ ഈടാക്കിത്. സ്ഥാപനം തുറക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ രാജ് കബീറും ഭാര്യയും വരാതെ സ്ഥാപനം തുറക്കില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാരെന്നും നഗരസഭ പറഞ്ഞു.