കസ്റ്റഡി മരണ പരാതി ഉയര്‍ന്ന വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി. 66 പൊലീസുകാരെയാണ് കൂട്ടത്തോടെ മാറ്റിയത്. മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മരിച്ച സജീവന് പ്രാഥമിക ചികിത്സ നല്കുന്നതില് ഗുരുതര വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ഉത്തരമേഖല ഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല, സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചുവെന്നും, ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടി കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാനിരിക്കുന്നതയേയുള്ളു. അതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായിയുടെ അടിയന്തര ഇടപെടല്‍. സംഭവവുമായി ബന്ധപ്പെട്ട് സജീഷ് എന്ന പൊലീസുകാരനെക്കൂടി ഇന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടന്നത് കസ്റ്റഡി മരണമാണെന്ന് ആരോപണം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
സംഭവത്തില്‍ വടകര എസ്.ഐ ഉള്‍പ്പെടെ 3 പേരെ സസ്പന്‍ഡ് ചെയ്തിരുന്നു. വടകര എസ്ഐ നിജേഷ്, എഎസ്ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിഐജി രാഹുല്‍ നായര്‍ ആണ് സസ്പെന്ഷന് ഉത്തരവിട്ടത്.
യുവാവ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധു പറയുന്നത്. മര്‍ദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പൊലീസ് മര്‍ദനം അവസാനിപ്പിക്കാന്‍ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവന് ആവര്‍ത്തിച്ചിട്ടും പൊലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു
വാഹനാപകട കേസില്‍ കസ്റ്റഡിയിലെടുത്ത ആളെ മര്‍ദിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അവരെക്കൂടി മര്‍ദിക്കുകയാണ് ചെയ്തത്. എസ്ഐയും കോണ്‍സ്ട്രബിളും ചേര്‍ന്ന് സജീവനേയും സുഹൃത്തുക്കളേയും മര്‍ദിച്ചെന്നാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. മര്‍ദനമേറ്റപ്പോഴാണ് സജീവേട്ടന് നെഞ്ചുവേദനയുണ്ടായത്. ഇത് പൊലീസിനോട് പറഞ്ഞപ്പോള്‍ ഗ്യാസായിരിക്കും എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. സ്റ്റേഷന് വളപ്പില്‍ തന്നെ കുഴഞ്ഞുവീണിട്ടും ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വാഹനം ഏര്‍പ്പാട് ചെയ്യാനോ പൊലീസ് തയാറായില്ല’. ബന്ധു പറഞ്ഞു.
വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷന് വളപ്പില്‍ തന്നെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. ഇയാള്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ സജീവന് മരിക്കുകയായിരുന്നു.
സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പൊലീസ് പറഞ്ഞു. എന്നാല്‍ സജീവനെ ഉടന്‍ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്തയുടന്‍ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവന് തന്നെ പൊലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു.