ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത എല്ലാ വിദ്യാര്‍ത്ഥികളെയും വിട്ടയച്ചു. ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വിട്ടയച്ചിരുന്നില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ എത്തിയത്. എന്നാല്‍ ഇവരെ സ്റ്റേഷന് അകത്തേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂര്‍ അഭിഭാഷകര്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍വ്വകലാശാല അധികൃതര്‍ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫ്, പ്രവര്‍ത്തകരായ നിവേദ്യ പി.ടി, അഭിരാം, തേജസ് തുടങ്ങിയവരെയാണ് നേരത്തെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ ഗേറ്റുകള്‍ അടച്ച് നിയന്ത്രണം കര്‍ശനമാക്കിയതോടെ പ്രദര്‍ശനം എസ്എഫ്ഐ മാറ്റിവെച്ചിരുന്നു.
പിന്നാലെ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ സര്‍വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. എസ്എഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ സംഘം ചേരാന്‍ അനുവദിക്കില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.