മോന്സണ് മാവുങ്കലിന്റെ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു. കൊച്ചിയിലെ ബെഹ്റയുടെ വസതിയില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. എ.ഡി.ജി.പി ശ്രീജിത്ത് ആണ് മൊഴിയെടുത്തത്.
കേസുമായി ബന്ധപ്പെട്ട് ബെഹ്റക്ക് എന്തെല്ലാം അറിയാമെന്ന കാര്യമാണ് മൊഴിയില്‍ രേഖപ്പെടുത്തിയത്. മോണ്‍സണുമായുള്ള ബന്ധം, അടുപ്പം എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിച്ചു.
മോണ്‍സണുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയില്‍ ലോക്നാഥ് ബെഹ്റ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബെഹ്റ മോണ്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാസി മലയാളി അനിത പുല്ലയിലിന്റെ വാട്ട്സ് ആപ്പ് ചാറ്റിലും ബെഹ്റയുടെ പേര് പരാമര്‍ശിച്ചിരുന്നു. മോണ്‍സണുമായുള്ള ബന്ധം വിവാദമായതോടെ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തു നിന്നും ബെഹ്റ അവധിയെടുത്തിരുന്നു.
മോണ്‍സണിനെതിരായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐ.ജി ലക്ഷ്മണയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഐ.ജി ലക്ഷ്മണയുടെ വീട്ടില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.