പത്തനംതിട്ട പെരുനാട് മധ്യവസ്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതില്‍ ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ റബ്ബര്‍ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു.
അതേസമയം ബാബു എഴുതിയത് എന്ന് കരുതുന്ന ഡയറിയില്‍ ആത്മഹത്യയ്ക്ക് ഉത്തരവാദി സിപിഎം നേതാക്കളാണ് എന്ന് ആരോപിക്കുന്നു. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനന്, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന് എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.
ബാബു ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ കുറിപ്പില്‍ തന്റെ മരണ കാരണം വീടിനകത്തെ ഡയറിയില്‍ എഴുതി വെച്ചതായി പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്. മരിച്ച ബാബു സിപിഐഎം അനുഭാവിയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആത്മഹത്യാ കുറിപ്പ് ബാബു എഴുതിയത് തന്നെയാണോ എന്ന കാര്യം പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.
ബാബുവിന്റെ വീടിനോട് ചേര്‍ന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനയാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ബാബുവിന്റെ സ്ഥലമേറ്റെടുത്ത് നേരത്തെ ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ബാബുവിന്റെ കൂടുതല്‍ സ്ഥലമേറ്റെടുത്ത് ശൌചാലയം അടക്കം സ്ഥാപിച്ച് ബസ് സ്റ്റോപ്പ് നവീകരിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനോട് താന്‍ സഹകരിക്കാതെയായപ്പോള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്ന നിലയുണ്ടായെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ബാബുവിന്റെ സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പി.എസ്.മോഹനന്റെ മകനായ കെട്ടിട കോണ്‍ട്രാക്ടറെ ഏല്പിച്ചാല് ബാങ്കില്‍ നിന്നും വായ്പ തരപ്പെടുത്തി നല്‍കാം എന്ന് വാഗ്ദാനമുണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റൊരാള്‍ക്ക് നിര്‍മ്മാണ കരാര്‍ ഏല്‍പ്പിച്ചതോടെ മോഹനനും റോബിനും തന്നോട് പക കൂടിയെന്നും ഡയറിയില്‍ പറയുന്നു. ഡയറിയിലെ പേജിന്റെ പകര്‍പ്പ് മാധ്യമങ്ങളെ ഏല്‍പ്പിക്കണമെന്നും കത്തിലുണ്ട്.