മാധവന്‍കുട്ടി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. എല്ലാം അദ്ദേഹത്തിന്റെ അറിവോടെ തന്നെയെന്ന് കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം ആവർത്തിച്ച് സൂരജ്. കോർപ്പറേഷൻ എംഡി ആയിരുന്ന മുഹമ്മദ് ഹനീഷിനെതിരെയും സൂരജിന്റെ മൊഴിയുള്ളതായാണ് വിവരം. രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ 12.55നാണ് പൂർത്തിയായത്.
റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നല്കിയ പശ്ചാത്തലത്തില്‍ ആയിരുന്നു കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയുള്ള ചോദ്യം ചെയ്യല്‍. പ്രത്യേക ചോദ്യാവലി തന്നെ തയാറാക്കിയാണ് വിജിലന്‍സിന് സംഘം ചോദ്യം ചെയ്യലിനായി എത്തിയത്. ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. മുൻപ് സൂരജ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകളും ഹൈക്കോടതിയിൽ ജാമ്യ ഹർജിയിൽ നൽകിയ സത്യവാങ്ങ്മൂലവും സൂരജ് ആവർത്തിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ആര്. അശോക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യൽ നടത്തിയത്.
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും
ചോദ്യം ചെയ്യൽ പൂർത്തി ആയതോടെ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കുന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനത്തിലേക്ക് അന്വേഷണ സംഘം കടക്കുക. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കും. മുന്‍ മന്ത്രി കഴിഞ്ഞ തവണ നല്കിയ മൊഴിയില്‍ നിരവധി പഴുതുകള്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയതടക്കമുള്ള തെളിവുകളും ശേഖരിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പഴുതുകളടച്ചുള്ള ചോദ്യം ചെയ്യലാണ് നടന്നത്. അത് കൊണ്ട് തന്നെ കരാര്‍ രേഖകളെല്ലാം വിശദമായി പരിശോധിച്ച് തന്നെ ആയിരുന്നു ചോദ്യം ചെയ്യൽ.