ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. അന്വേഷണം പുരോഗമിക്കുകയാണ്. സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവര്ത്തകന് രത്തന്‍ സിംഗാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി വാരണാസിക്ക് സമീപം ബല്ലയ ജില്ലയിലെ വീടിന് മുന്പില് നില്‍ക്കുമ്പോഴാണ് സംഭവം. രത്തന്‍ സിംഗിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മാധ്യമ പ്രവര്‍ത്തനം ചുറ്റിപ്പറ്റിയല്ല മരണകാരണമെന്നും രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കം മൂലമായിരുന്നു കൊലയെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. ഗ്രാമമുഖ്യനാണ് കൊലപാതകത്തിന് പിന്നിലെന്ന് രത്തന്‍ സിംഗിന്റെ അച്ഛന് വിനോദ് സിംഗ് പറഞ്ഞു. ഗ്രാമമുഖ്യന് ഝാബര്‍ സിംഗിന്റെ സഹോദരനുമായി കഴിഞ്ഞ ദിവസം വൈകിട്ട് രത്ത് സിംഗ് വഴക്കുണ്ടാക്കിയിരുന്നു. മകന് അവരുടെ വീട്ടില്‍ പോയിരുന്നുവെന്നും അവിടെ വച്ചായിരിക്കാം കൊലപാതകം നടന്നതെന്നും അച്ഛന് ആരോപിച്ചു. മൂത്ത മകനെ മൂന്ന് വര്‍ഷം മുന്‍പ് അങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും അച്ഛന്.
കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം ഗാസിയാബാദില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയിരുന്നു.