ഗര്‍ഭിണിയായ കൊവിഡ് രോഗി ആശുപത്രിയില്‍ ഡോക്ടറുടെ പീഡനത്തിനിരയായി. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല. കൊവിഡ് സ്ഥിരീകരിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതി ജൂലൈ 25നാണ് പീഡനത്തിനിരയായത്. ട്രോമ കെയര്‍ സെന്ററില്‍ ജോലിക്കുണ്ടായിരുന്ന ഡോക്ടറാണ് യുവതിയെ പീഡിപ്പിച്ചത്.
തുടര്‍ന്ന് യുവതി സംഭവം വാര്‍ഡിയില്‍ ജോലിക്കുണ്ടായിരുന്ന ഡോക്ടര്‍ ആസിമ ബാനുവിനോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ അഞ്ച് ദിവസത്തിന് ശേഷം, ജൂലൈ 30 നാണ് വി.വി പുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും എന്നാല്‍ കെ.ജി ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷം അന്വേഷണത്തെ ബാധിച്ചുവെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
കൊവിഡ് ചികിത്സയില്‍ തുടരുന്ന യുവതി കഴിഞ്ഞ ആഴ്ച കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. സംഭവം നടന്ന് ഒരു മാസം എത്തിനില്ക്കുമ്പോള് യുവതിയുടെ മൊഴി എടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. യുവതി കൊവിഡ് ചികിത്സയിലാണെന്നും രോഗം ഭേദമായ ശേഷം മൊഴിയെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്.