പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചു. എന്ന് വിധി പറയുമെന്ന് വ്യക്തമാക്കിയിട്ടില്ല. മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് കേസില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിലും എന്ത് തെറ്റാണുള്ളത്. മാപ്പ് എന്നത് ഒരുപാട് മുറിവുകളെ ഉണക്കാന്‍ കഴിയുന്ന വാക്കാണ് എന്നും ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.
കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രശാന്ത് ഭൂഷണിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതു സംബന്ധിച്ചാണ് ഇന്ന് സുപ്രീംകോടതിയില്‍ വാദം നടന്നത്. കേസില്‍ അന്തിമ നിലപാട് പറയാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി അവസാനഘട്ടത്തില്‍ ആവശ്യപ്പെട്ടു. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന വാദം അറ്റോര്‍ണി ജനറല്‍ ആവര്‍ത്തിച്ചു.
പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനകളും വിശദീകരണവും വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര അഭിപ്രായപ്പെട്ടു. 30 വര്‍ഷത്തെ പരിജയസമ്പത്തുള്ള പ്രശാന്ത് ഭൂഷണിനെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകനില്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മില്‍ വ്യത്യാസമുണ്ട്. എല്ലാറ്റിനും മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പോകുന്നത് തെറ്റാണ്. അത്തരം നീക്കങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാകില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കുകയാണെങ്കില്‍ എന്ത് ശിക്ഷ നല്‍കണം എന്ന് ജസ്റ്റിസ് അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ചിരുന്നു. കോടതിക്ക് പ്രശാന്ത് ഭൂഷണോട് സംസാരിക്കണമെങ്കില്‍ ഭൂഷണ് അതിന് തയ്യാറാണ് എന്നായിരുന്നു രാജീവ് ധവാന്റെ മറുപടി. എന്തിന് പ്രശാന്ത് ഭൂഷണെ ബുദ്ധിമുട്ടിക്കണം എന്ന് കോടതി തിരിച്ചു ചോദിച്ചു. ജയിലിലേക്ക് അയച്ച് പ്രശാന്ത് ഭൂഷണിനെ രക്തസാക്ഷിക്കാരുത് എന്ന് രാജീവ് ധവാന് അഭിപ്രായപ്പെട്ടു. രക്തസാക്ഷിയാകാന്‍ പ്രശാന്ത് ഭൂഷണിനും ആഗ്രഹമില്ല എന്ന് ധവാന് പറഞ്ഞു.
നിരുപാധികം മാപ്പ് പറയാന്‍ കോടതി നിര്‍ബന്ധിച്ചുവെന്ന് പ്രശാന്ത് ഭൂഷണിന്റെ അഭിഭാഷകന് രാജീവ് ധവാന് പറഞ്ഞു. കോടതിയോടുള്ള ഉത്തരവാദിത്തമാണ് പ്രശാന്ത് ഭൂഷണ് നിര്‍വഹിച്ചതെന്നാണ് രാജീവ് ധവാന് പ്രധാനമായും കോടതിയില്‍ വാദിച്ചത്. കോടതിയോട് എന്തെങ്കിലും ബഹുമാനക്കുറവ് പ്രശാന്ത് ഭൂഷണ് കാണിച്ചിട്ടില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല കോടതിയെന്നും ധവാന് വാദിച്ചു. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ കോടതിയെ സഹായിക്കുകയേ ഉള്ളുവെന്നും രാജീവ് ധവാന് വിശദീകരിച്ചു. ഭൂഷണ് പ്രസ്താവന പിന്‍വലിക്കുന്നിലെന്നും സത്യവാങ്മൂലം പിന്‍വലിക്കില്ലെന്നും രാജീവ് ധവാന് വ്യക്തമാക്കിയിരുന്നു.