കവരത്തി: രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ വാങ്ങിയതെന്ന് കവരത്തി പൊലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചില്ലന്നും ഫോണ്‍ നമ്പരുകൾ എഴുതിയെടുക്കാന്‍ സാവകാശം തന്നില്ലെന്നും ആയിഷ സുല്‍ത്താന വ്യക്തമാക്കി. ആയിഷയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൊലീസിൻ്റെ ഈ നടപടി.
കേസുമായി ബന്ധപെട്ടു ആയിഷ സുല്‍ത്താനയെ കവരത്തി പോലീസ് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. എന്നാല്‍, കേസില്‍ ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും രാജ്യ വിരുദ്ധ നീക്കത്തിനാണ് ആയിഷ പദ്ധതിയിട്ടതെന്നും അഡ്മിനിസ്ട്രേഷന് വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി ഉപാധികളോടെ ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.