കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹോട്ടലുടമക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള നരഹത്യ കുറ്റം നിലനില്‍ക്കില്ലന്ന് കോടതി. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമേ നിലവിലെ റിപോര്‍ട്ട് പ്രകാരം ചുമത്താനാകു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമര്‍ശം.
കഴിഞ്ഞ ദിവസമാണ് ഹോട്ടലുടമയ്ക്കും കൂടെ അറസ്റ്റിലായ മറ്റുള്ളവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഐപിസി 304 വകുപ്പ് പ്രകാരം നരഹത്യ കുറ്റം ഇവര്‍ക്കെതിരെ നിലനില്ക്കില്ലെ ന്നാണ് കോടതി വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചു എന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മോഡലുകളുടെ മരണവുമായി ഇതിനെ എങ്ങിനെ ബന്ധിപ്പിക്കാം എന്നാണ് കോടതി ചോദിച്ചു. പ്രോസിക്യൂഷന് രേഖകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന 201 വകുപ്പ് മാത്രമേ നിലനില്‍ക്കുവെന്നും കോടതി പറഞ്ഞു.
വാഹനം ഓടിച്ചിരുന്ന അബ്ദു റഹിമാന്‍ അമിതമായി മദ്യപിച്ചിരുന്നു. അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം എന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു. ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും അപകട മരണത്തിലുള്ള പങ്ക് സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഐപിസി 304 എ പ്രാകരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീടാണ് 304 പ്രകാരം നരഹത്യ വകുപ്പ് ചേര്‍ത്തത്. പ്രതികള്‍ തെളിവ് നശിപ്പിച്ചതായി സംശയിക്കുന്നുവെന്നാണ് പോലിസ് റിപോര്‍ട്ട്.
നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കാണാതായ ഡിജെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്ക്ക് കായലില്‍ തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. എന്നാല്‍ കായലില്‍ നിന്നും ഹാര്‍ഡ് ഡിസ്ക്ക് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ഒളിവില്‍ പോയ ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു ദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയിട്ടും കായലില്‍ നിന്നും ഹാര്‍ഡ് ഡിസ്ക്ക് കണ്ടെത്താന്‍ പൊലീസിനായില്ല. ഇതിനിടയിലാണ് ഇന്നലെ രാവിലെ കായലില്‍ മത്സ്യബന്ധനത്തിന് എത്തിയവരുടെ വലയില്‍ ഹാര്‍ഡ് ഡിസ്ക് കുടുങ്ങിയതായുള്ള സംശയം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഹാര്‍ഡ് ഡിസ്ക് ആണെന്ന് മനസിലാകാത്തതിനാല് തിരികെ കായലില്‍ നിക്ഷേപിച്ചു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
ഹാര്‍ഡ് ഡിസ്കിന്റെ ചിത്രങ്ങളും ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാര്‍ഡ് ഡിസ്ക്ക് കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് വീണ്ടും നടത്തും. ഹാര്‍ഡ് ഡിസ്കിന് പുറമെ, തെളിവ് ശേഖരിക്കാന്‍ പരമാവധിയാളുകളെ ചോദ്യം ചെയ്ത് വരുകയാണ് പൊലീസ്.