അവയവ കച്ചവട കേസില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. അന്വേഷണ സംഘത്തെ വിപുലീകരിച്ചുള്ള അന്വേഷണമായിരിക്കും നടക്കുക. അന്വേഷണ ചുമതലയുള്ള തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും കേസില്‍ അന്വേഷണം നടത്തുക.
സംസ്ഥാന വ്യാപകമായി അവയവ കച്ചവടക്കം നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സംസ്ഥാനത്തെ അവയവ മാഫിയ 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലേക്ക് വരെ അവയവം കൈമാറി. വൃക്കയ്ക്ക് വിലയായി നല്‍കിയിരുന്നത് ആറു മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ. പണമൊന്നും നല്‍കാതെ ദാതാക്കളെ കബളിപ്പിച്ചിട്ടുണ്ടന്നും കണ്ടെത്തി.
അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാകും ഇതിനായി നിയമിക്കുക. കൂടുതല്‍ സൗകര്യത്തിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. അവയവ കച്ചവടത്തിഎ ഇടനിലക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.
സംസ്ഥാന വ്യാപകമായി അവയവ കച്ചവടം നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനധികൃത ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
വൃക്ക കൈമാറ്റമാണ് മാഫിയയുടെ പ്രധാന ഇടപാട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി നടന്ന 35 അവയവ കൈ മാറ്റങ്ങളെങ്കിലും നിയമവിരുദ്ധമായിട്ടാണന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നു. ഇങ്ങിനെ അവയവങ്ങള്‍ സ്വീകരിച്ചവരില്‍ മലയാളികള്‍ മാത്രമല്ല തമിഴ് നാട്ടുകാരുമുണ്ട്. സ്വീകരിക്കുന്നവരോടും ദാതാക്കളോടും വില പറഞ്ഞ് ഉറപ്പിക്കുന്നത് ഏജന്റുമാരാണ്. 6 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് വ്യക്ക ദാതാക്കള്‍ക്ക് ലഭിച്ചിരുന്നത്. അവയവ കൈമാറ്റത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരും നിര്‍ധനരുമായവരെയാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. മുപ്പതിനും അന്പതിനും ഇടയില്‍ പ്രായമുള്ള ദാതാക്കള്‍ക്കാണ് ഡിമാന്റ്. അവര്‍ക്കാണ് പണം കൂടുതല്‍ ലഭിക്കുന്നത്. എന്നാല്‍ ആശുപത്രി ചെലവിനപ്പുറം അഞ്ച് പൈസ പോലും ലഭിക്കാതെ കബളിപ്പിക്കപ്പെട്ടവരുമുണ്ട്.