കൊച്ചിയില്‍ അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും, ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റിലായവരെ രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കോടതി വളപ്പില്‍ വെച്ച് ഇവര്‍ എന്‍ഐഎക്കും ആര്‍എസ്എസിനും എതിരെ മുദ്രാവാക്യം വിളിച്ചു. കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചതിന് പ്രതികളെ കോടതി താക്കീത് ചെയ്തു. കോടതിയില്‍ പ്രതിഷേധം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ജൂലൈ 12 ന് പട്നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കുമെതിരെ ഒരേസമയം ആക്രമണം നടത്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കണ്ണൂര്‍ തളിപ്പറമ്പില്‍ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്നിയൂര്‍ സ്വദേശികളായ അന്‍സാര്‍, ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് സിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തളിപ്പറമ്പ് എളമ്പേരം പാറയിലായിരുന്നു ഹര്‍ത്താലിനിടെ പിഎഫ്ഐ പ്രവര്‍ത്തകര്‍ കടയുമയെ ഭീഷണിപ്പെടുത്തിയത്. സിസ്റ്റം കെയര്‍ എന്ന മൊബൈല്‍ ഷോപ്പ് കടയുടമയെയാണ് ഭീഷണിപ്പെടുത്തിയത്.