ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തേടി നിക്ഷേപകരുടെ കൂട്ടായ്മ. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് ആക്ഷേപം. സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ക്കണ്ട് നിക്ഷേപകര്‍ ആവശ്യമുന്നയിച്ചു.
ഫാഷന്‍ ഗോള്‍ഡ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആവശ്യവുമായി നിക്ഷേപകര്‍ രംഗത്തെത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു. മഞ്ചേശ്വരം മുന്‍ എം.എല്‍.എയും ജ്വല്ലറി ചെയര്‍മാനുമായിരുന്ന കമറുദീന്റെ അറസ്റ്റിനും ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളുടെ കീഴടങ്ങലിനും ശേഷം അന്വേഷണത്തില്‍ പുരോഗതിയില്ലെന്നാണ് ആരോപണം.
പൂക്കോയ തങ്ങളുടെ മകന് ഹിഷാം വിദേശത്ത് ബിസിനസ് നടത്തുകയാണെന്നും കേസില്‍ പ്രതിയായ ഹിഷാമിനെ നാട്ടിലെത്തിക്കാന്‍ നടപടികളുണ്ടാകണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ജ്വല്ലറിയില്‍ കാലാകാലങ്ങളിലുണ്ടായിരുന്ന മുഴുവന്‍ ഡയറക്ടര്‍മാരെയും ജ്വല്ലറിയുടെ മറ്റ് ജീവനക്കാരെയും അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു.
അതോടൊപ്പം ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന് ആരോപണം നേരിടുന്ന ഡയറക്ടര്‍മാരുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കണം. പൂക്കോയ തങ്ങളുടെത് കീഴടങ്ങള്‍ നാടകമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ലെന്നുമാണ് നിക്ഷേപകരുടെ നിലപാട്.