ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സിപിഐ നേതാവ് ആനിരാജയുടേയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന്റേയും പേര് ഉള്‍പ്പെടുത്തി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ഇരുവരുടെയും പേര് ഉള്ളത്. ഇവര്‍ അംഗമായ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഡല്‍ഹി കലാപത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വൃന്ദാ കാരാട്ട് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മഹിള എക്താ യാത്ര കലാപത്തിന്റെ ഒരുക്കമായിരുന്നെന്നാണ് ആരോപണം.
രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ലക്ഷ്യമിട്ടാണ് കുറ്റപത്രം തയാറാക്കിയത്. ഇത് ഫാസിസ്റ്റ് നീക്കമാണെന്നും ഡല്‍ഹി പൊലീസിന്റെ നടപടിയെ ശക്തമായി നേരിടുമെന്നും ആനി രാജ പറഞ്ഞു. നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
നേരത്തെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു.