കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്ജുന് ആയങ്കിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ രണ്ട് തവണ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്ജുന് ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കൂടാതെ തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലാ, ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സഹായത്താല്‍ അര്ജുന് ആയങ്കി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കഴിഞ്ഞ ജൂണ്‍ 28നാണ് കേസില്‍ അര്ജുന് ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.