കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രമാദമായ കേസില്‍ വെറും 39 ദിവസങ്ങള്‍ കൊണ്ടാണ് അന്വേഷണ സംഘം കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി- ഒന്നിൽ കുറ്റപത്രം സമര്‍പ്പിച്ചത്.മേയ് 15നായിരുന്നു കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം നടന്നത്. കേസിൽ അന്വേഷണ സംഘം അതിവേഗം കുറ്റപത്രം തയ്യാറാക്കി. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കുടക് സ്വദേശി പി എ സലീം എന്ന സൽമാൻ (36) ആണ് കേസിൽ ഒന്നാം പ്രതി.
മോഷ്ടിച്ച കമ്മല്‍ കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ വില്ക്കാന് സഹായിച്ചതിന് ഇയാളുടെ സഹോദരി സുവൈബയാണ് (20) രണ്ടാം പ്രതി. സാക്ഷിപ്പട്ടികയിൽ 67 പേരാണുള്ളത്. 42 ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. പ്രതിക്കെതിരെ പീഡിപ്പിക്കാൻ തട്ടിക്കൊണ്ട് പോകൽ, പോക്സോ, വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.