നീതികിട്ടിയില്ലെന്നും ജോലി രാജി വക്കുമെന്നും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പൊലീസുകാരന്റെ മര്‍ദനത്തിനിരയായ ഡോക്ടര്‍ രാഹുല്‍ മാത്യു. 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും നീതി ലഭിച്ചില്ലെന്ന് ഡോ. രാഹുല്‍ മാത്യു അറിയിച്ചു.
ജോലിയില്‍ പ്രവേശിക്കും മുന്‍പ് പ്രദേശിക സിപിഎം നേതാവായിരുന്നു രാഹുല്‍ മാത്യു. ഇടത് പക്ഷക്കാരനായിട്ടു പോലും താന്‍ ചതിക്കപ്പെട്ടുവെന്നാണ് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ സ്പെഷല്‍റ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മെയ് പതിനാലിനാണ് സംഭവം നടന്നത്. സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. കൊവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. അമ്മ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു,
അഭിലാഷ് ചന്ദ്രനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മാവേലിക്കരയില്‍ ഡോക്ടര്‍മാര്‍ നാല്പത് ദിവസമായി സമരത്തിലാണ്. സംഭവത്തില്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ചു. നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.