ദുബായ് : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് യു.എ.ഇ കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2020 സെപ്റ്റംബര്‍ 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നേപ്പാള്‍ സ്വദേശിയായ യുവാവിനെ ആണ് ശിക്ഷക്ക് വിധിച്ചത്.
ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നയുവതിയെ ആണ് ഇയാൾ അവിഹിത ബന്ധം ഉണ്ടെന്നും പറഞ്ഞു കുത്തി കൊലപ്പെടുത്തിയത്. കത്തികൊണ്ട് 11 ഓളം തവണ ഇയാള്‍ കുത്തുകയും ആ ചിത്രങ്ങൾ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചതും.
പൊലീസ് എത്തിയപ്പോൾ കത്തിയുമായി നില്‍ക്കുകയായിരുന്നു പ്രതി. 2019 ലാണ് ഇരുവരും വിവാഹിതരായത്. സുഹൃത്തുക്കള്‍ വഴിയാണ് ഭാര്യയുടെ പരപുരുഷ ബന്ധത്തെ കുറിച്ച് ഇയാള്‍ അറിയുന്നത്. ഇത് അന്വേഷിക്കാന്‍ ഭാര്യയെ വിളിച്ചപ്പോള്‍ മറ്റൊരു പുരുഷന് ഫോണെടുക്കുകയും ഞങ്ങള്‍ രണ്ടു പേരെയും ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിക്കുന്നത്.