കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായ എംജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. എല്‍സിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശുപാര്‍ശ ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. സിന്‍ഡിക്കേറ്റ് യോഗം ശുപാര്‍ശ അംഗീകരിച്ചതിന് പിന്നാലെ എല്‍സിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
ഈ വര്‍ഷം ജനുവരിയിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ഇടതു സംഘടനാ നേതാവ് കൂടിയായ എല്‍സി വിജിലന്‍സ് പിടിയിലായത്.
എംജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ പിടിയിലായ എംബിഎ വിഭാഗം അസിസ്റ്റന്റ് സി.ജെ.എല്‍സി മറ്റു പല കുട്ടികളില്‍ നിന്ന് കൂടി പണം വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ് നീക്കം. നേരത്തെ സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ പരിശോധനയിലും എല്‍സി പണം വാങ്ങിയെന്ന സൂചന കിട്ടിയിരുന്നു.
എല്‍സിയുടെ അക്കൗണ്ട് വിവരങ്ങളില്‍ നിന്നാണ് വിജിലന്‍സിന് നിര്‍ണായക തെളിവ് കിട്ടിയത്. നാല് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ ഘട്ടങ്ങളായാണ് എല്‍സിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്.
എല്‍സിയുടേയും പണം നല്കിയ വിദ്യാര്‍ത്ഥികളുടേയും ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചു. ഈ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരുടെ മാര്‍ക്ക് ലിസ്റ്റ് എല്‍സിയുടെ കംപ്യൂട്ടര്‍ ലോഗ് ഇന്നില്‍ നിന്ന് തിരുത്തിയതായി സര്‍വകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ മാര്‍ക്ക് ലിസ്റ്റ് തിരുത്താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
എല്‍സിയുടെ രോഗ വിവരം അറിഞ്ഞപ്പോള്‍ സാന്പത്തിക സഹായം നല്‍കിയതാണെന്നും ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു. എംബിഎ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്കാന് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28നാണ് എല്‍സിയെ സര്‍വകലാശാലയില്‍ നിന്ന് വിജിലന്‍സ് പിടികൂടിയത്.