കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭ്രാജ് ജയില്‍ മോചിതനായി. നേപ്പാള്‍ ജയിലില്‍ വര്‍ഷങ്ങളായി കഴിയുന്ന ശോഭ്രാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടതോടെയാണ് മോചനം സാധ്യമാവുന്നത്. 1960കളില്‍ മോഷണത്തില്‍ തുടങ്ങി 1970 കളില്‍ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്.
2003 മുതല്‍ നേപ്പാളിലെ കഠ്മണ്ഡു സെന്‍ട്രല്‍ ജയിലിലായിരുന്നു 78കാരനായ ശോഭ്രാജ്. ജയിലില്‍ നിന്ന് ചാള്‍സിനെ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി.
ഹൃദയ സംബന്ധമായ അസുഖമുളളതിനാല്‍ ചാള്‍സിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ചാള്‍സിന്റെ അഭിഭാഷകന് അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ചാള്‍സിനെ ഫ്രാന്‍സിലേക്ക് മാറ്റാനും സാധ്യതയുണ്ട്. മോചിപ്പിച്ച് 15 ദിവസത്തിനകം നാടുകടത്തണമെന്നാണ് സുപ്രീകോടതി ഉത്തരവ്.
ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാള്‍. 1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാള്‍സുമായി സൗഹൃദം പുലര്‍ത്തിയിരുന്നവര്‍ തന്നെ. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോര്‍ട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാള്‍സിന്റെ രീതി.
നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ചാള്‍സ് രത്നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി. 1976ലാണ് ചാള്‍സ് ആദ്യമായി ജയിലിലായത്. എന്നാല്‍ ജയില്‍ച്ചാടി. പലരാജ്യത്ത് നിന്നും പൊലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാള്‍സ് മുങ്ങി. ഡല്‍ഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികള്‍ക്ക് വിഷം നല്‍കിയതിനും ഇസ്രയേല്‍ പൗരനെ കൊലപ്പെടുത്തിയതിനും ചാള്‍സ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയില്‍ കേസെടുത്തു.
ഇന്ത്യയില്‍ 21 വര്‍ഷം ശോഭ്രാജ് തടവില്‍ കഴിഞ്ഞിട്ടുണ്ട്. ‘ബിക്കിനി കില്ലര്‍’, ‘ദ സ്പ്ലിറ്റിങ് കില്ലര്‍’, ‘ദ സെര്‍പന്റ്’ തുടങ്ങി പലപേരുകളില്‍ ചാള്‍സ് ശോഭ്രാജ് അറിയപ്പെട്ടിരുന്നു. 2003 സെപ്തംബര്‍ ഒന്നിനാണ് ശോഭ്രാജ് പിടിയിലാകുന്നത്. ദമ്പതികളുടെ കൊലപാതകത്തില്‍ 21 വര്‍ഷം, യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വര്‍ഷം, വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതിന് ഒരു വര്‍ഷം, എന്നിങ്ങനെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ശോഭ്രാജ്. 15 ദിവസത്തിനകം മോചിപ്പിച്ച് നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.