തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്സണ് ഔസേപ്പാണു പ്രതിയെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ്. കൊല്ലം സ്വദേശിയായ ഇയാള്‍ 5 വര്‍ഷം മുന്‍പു വിവാഹമോചനം നേടിയെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം.
ആതിരയുമായി ജോണ്സന് ഒരു വര്‍ഷത്തോളമായി അടുപ്പമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാന്‍ ജോണ്സണ് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍, ഭീഷണിപ്പെടുത്തി ആതിരയില്‍നിന്നു പണം വാങ്ങി. ആതിരയില്‍നിന്ന് ഇയാള്‍ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് 3 ദിവസം മുന്‍പ് 2500 രൂപ ആതിര നല്‍കിയതായും കണ്ടെത്തി. 5 മാസത്തിനിടെ പലതവണ കഠിനംകുളത്ത് ഇയാള്‍ വന്നിരുന്നു.
കൊലപാതകത്തിന് 5 ദിവസം മുന്‍പു പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി ട്രെയിനില്‍ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നാണു നിഗമനം. 7 മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ്, കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.