എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അത്തരം കീഴ്വഴക്കങ്ങള് ഇല്ലെന്ന് ഹൈക്കോടതി അറിയിച്ചു.
വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്.
കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അതിജീവിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും, അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നുമായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നുമായിരുന്നു അതിജീവിതയുടെ വാദം.
ഹര്‍ജിയെ നടന് ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം കേള്‍ക്കല്‍. ഓണാവധി സമയത്ത് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് സ്പെഷ്യല്‍ സിറ്റിംഗ് നടത്തിയും വാദം കേട്ടിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസില്‍ അതിജീവിത നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കിയിരുന്നു.