ഇസ്രയേലില്‍ 16 വയസുള്ള പെണ്‍കുട്ടിയെ 30 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. എയ്ലെറ്റിലെ ഒരു റിസോര്‍ട്ടിലാണ് ഈ ക്രൂരത നടന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഇസ്രായേലിലാകെ പ്രതിഷേധം ആളിപ്പടരുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടിയെ അക്രമികള്‍ ബലമായി ഒരു മുറിയിലേക്ക് പിടിച്ചു കൊണ്ടുപോവുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ യുവാക്കള്‍ റിസോര്‍ട്ടിലെ മുറിക്ക് പുറത്ത് ക്യൂ നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ പീഡന ദൃശ്യങ്ങള്‍ അക്രമികള്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവം തന്നെ ഞെട്ടിച്ചെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത് പെണ്‍കുട്ടിയോട് ചെയ്ത കുറ്റം മാത്രമല്ല, മനുഷ്യരാശിയോട് തന്നെയുള്ള ഏറ്റവും വലിയ ക്രൂരതയാണ്. അക്രമികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് ലഭിക്കുന്ന പിന്തുണ കൂടുതല്‍ ശക്തി നല്‍കുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ചിലര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നുണ്ട്. താന്‍ നേരിട്ട ക്രൂരത എന്തെന്ന് അറിയാതെയാണ് അവര്‍ തന്നെ വിലയിരുത്തുന്നതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.
പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫോണില്‍ നിന്നും പീഡന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ബാക്കി അക്രമികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.