പ്രിസൈഡിംഗ് ഓഫീസര്‍ക്ക് എതിരെയുള്ള ആരോപണങ്ങളില്‍ അതിജീവതയ്ക്ക് കോടതിയുടെ വിമര്‍ശനം. പ്രിസൈഡിംഗ് ഓഫിസര്‍ക്ക് എതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷന് നല്കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിത വ്യക്തമാക്കി. അന്വേഷണ സംഘം വിവരങ്ങള്‍ നിങ്ങള്‍ക്ക് ചോര്‍ത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് എതിരെ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അതിജീവതയ്ക്ക് താക്കീത് നല്കി.
തുടരന്വേഷണത്തിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹര്‍ജി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അതിജീവത ഹൈക്കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്ടേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക. തുടരന്വോഷണ റിപ്പോര്‍ട്ട് വിചാരണ കോടതിക്കും കൈമാറും.
കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഒളിപ്പിച്ചതിനും, നശിപ്പിച്ചതിനുമുള്ള കുറ്റങ്ങള്‍ ചുമത്തിയാകും ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കുക. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്ത് പതിനൊന്നാം പ്രതിയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ശരത്ത് വഴി 2017 നവംബര്‍ മാസത്തില്‍ ദിലീപിന്റെ പക്കല്‍ എത്തി. ദൃശ്യങ്ങള്‍ നശിപ്പിക്കാനും മനപൂര്‍വം മറച്ചുപിടിക്കാനും ശരത്ത് ശ്രമിച്ചു. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കാവ്യ മാധാവന്, മഞ്ജു വാര്യര്‍, സിദ്ദീഖ്, ദിലീപിന്റെ സഹോദരന്, സഹോദരി ഭര്‍ത്താവ് തുടങ്ങി തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ നിര്‍ത്തി വെച്ചിരിക്കുന്ന വിചാരണ ഉടന്‍ പുനരാരംഭിക്കാനുമാണ് സാധ്യത.