സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് സ്വപനയ്ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്ന അറിയിച്ചിട്ടുണ്ട്
മുഖ്യമന്ത്രിക്കും കുടുംബത്തിനും മുന്‍ മന്ത്രി കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരെ നടത്തിയ പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ആണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. സ്വപ്ന നല്കിയ രഹസ്യമൊഴിയുടെ അംഗീകൃത പകര്‍പ്പ് ഇ ഡി കോടതിയില്‍ നിന്നും കൈപ്പറ്റിയതിന് പിന്നാലെയായിരുന്നു നോട്ടീസ് നല്‍കിയത്.
സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന് നല്കിയ മൊഴിയുടെ പകര്‍പ്പിനായി ഇഡി കോടതിയെ സമീപിച്ചിരുന്നു. സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുള്ളത്. ഇ ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്കിയ 164 സ്റ്റേറ്റ്മെന്റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങള്‍ക്ക് കൂടുതല്‍ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
വീണാ വിജയന് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് ഷാര്‍ജാ സുല്‍ത്താനോട് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചു എന്നതാണ് സ്വപ്ന നല്കിയ സത്യവാങ് മൂലത്തിലെ പ്രധാന ആക്ഷേപം. ഷാര്‍ജാ സുല്‍ത്താനും ഭാര്യയും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും കോവളം ലീലാ ഹോട്ടലിലേക്ക് സുല്‍ത്താന്റെ ഭാര്യയെ കാറില്‍ അനുഗമിച്ചത് കമലാ വിജയന് ആയിരുന്നു. ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ തന്നെ കമലാ വിജയന് ബിസിനസ് പ്രൊപ്പോസല്‍ മുന്നോട്ടു വെച്ചത് സുല്‍ത്താന്റെ ഭാര്യയെ പ്രകോപിപ്പിച്ചു.
തുടര്‍ന്ന് അവര്‍ ക്ലിഫ് ഹൗസിലെ വിരുന്നില്‍ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചു. വീണയ്ക്ക് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് പകരമായി വന്‍തോതില്‍ സ്വര്‍ണ്ണവും രത്നങ്ങളും സമ്മാനമായി നല്കാന് കമലാ വിജയന് ഒരുങ്ങി. എന്നാല്‍ അവര്‍ അത് സ്വീകരിക്കില്ല എന്ന് അറിയിച്ചതിനാല്‍ പിന്മാറിയെന്നും സ്വപ്ന സുരേഷ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇത് കൂടാതെയാണ് കെ ടി ജലിലീനും പി ശ്രീരാമകൃഷ്ണനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. എമിറേറ്റ്സ് റെഡ് ക്രെസന്റ് സ്പോണ്സര് ചെയ്ത 17 ടണ്‍ ഈന്തപ്പഴം മുംബൈയിലോ ഡല്‍ഹിയിലോ ഇറക്കാന്‍ പറ്റുന്നില്ല എന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചതിനെ തുടര്‍ന്ന് ശിവശങ്കറിനെ ബന്ധപ്പെട്ടു എന്നും ശിവശങ്കറിന്റെ സഹായത്തോടെ ഈന്തപ്പഴം കൊച്ചിയില്‍ ഇറക്കി. ഈന്തപ്പഴ പാക്കറ്റുകളില്‍ ചിലതിന് അസ്വാഭാവിക ഭാരം ഉണ്ടായിരുന്നു.
എട്ടു സ്ഥാപനങ്ങളിലേക്ക് ഈന്തപ്പഴം അയക്കാന്‍ തീരുമാനിച്ചു. എങ്കിലും കുറച്ചു മാത്രമേ വിതരണം ചെയ്തുള്ളൂ. കുറച്ചു പെട്ടികള്‍ കോണ്‍സുല്‍ ജനറല്‍ ഡ്രൈവര്‍ മുഖാന്തിരം കെ ടി ജലീലിന് അയച്ചു കൊടുത്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം. പി ശ്രീരാമകൃഷ്ണന് ഷാര്‍ജാ ഭരണാധികാരിയുമായി വണ്‍ ടു വണ്‍ മീറ്റിംഗ് നടത്തി സ്വന്തം സര്‍വ്വകലാശാലയ്ക്ക് ഭൂമി ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് കോണ്‍സുല്‍ ജനറലിന് ഒരു ബാഗ് നിറയെ പണം ശ്രീരാമകൃഷ്ണന് കൈക്കൂലിയായി നല്കി എന്നും സ്വപ്ന ആരോപിച്ചിരുന്നു.