ആലപ്പുഴ മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവതിയെ പൊലീസ് കണ്ടെത്തി. പാലക്കാട് നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ വഴിയിലുപേക്ഷിച്ച് സ്വര്‍ണക്കടത്ത് സംഘം കടന്നുകളയുകയായിരുന്നു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്ന് പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടുപോയത്.
നാല് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭര്‍ത്താവ് ബിനോയിയും. എട്ട് മാസം മുമ്പ് ഇരുവരും നാട്ടിലെത്തി. ഇതിനിടെ മൂന്ന് തവണ ബിന്ദു വിസിറ്റിംഗ് വിസയില്‍ ദുബായില്‍ പോയി. ഒടുവില്‍ കഴിഞ്ഞ 19നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കുറച്ചാളുകള്‍ വീട്ടിലെത്തി സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു.
അന്ന് മടങ്ങിയവര്‍ കൂടുതല്‍ ആളുകളുമായെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നില്‍ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് കുടുംബത്തിന്റെ മൊഴി. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
സ്വര്‍ണക്കടത്ത് സംഘം വഴിയില്‍ ഉപേക്ഷിച്ച കാര്യം യുവതി തന്നെയാണ് വീട്ടില്‍ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. യുവതിയുമായി പൊലീസ് ആലപ്പുഴയിലേക്ക് തിരിച്ചു. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.