കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹൈക്കോടതി. കൊവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ പരിശോധിക്കുന്നുളളു എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇത്തരത്തിലൊരു തീരുമാനം സര്‍ക്കാര്‍ എടുത്തതില്‍ അപാകതയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നിലവിലെ പ്രത്യേക സാഹചര്യം മനസിലാക്കണമെന്ന് രമേശ് ചെന്നിത്തിലയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. സെല്ലുലാര്‍ കമ്പനികളെ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. ടവര്‍ ഡീറ്റെയില്‍സ് എടുക്കുന്നതില്‍ കുഴപ്പമില്ല എന്ന് ഇന്നലെ പറഞ്ഞിട്ട് എന്താണ് ഇന്ന് പുതിയ കാര്യങ്ങള്‍ പറയുന്നതെന്നും കോടതി രമേശ് ചെന്നിത്തലയുടെ അഭിഭാഷകനോട് ചോദിച്ചു.
രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി കോള്‍ ഡേറ്റാ റെക്കോഡുകള്‍ ആവശ്യമില്ല എന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയായിരുന്നു. വിവരശേഖരണത്തിനായി ടവര്‍ ലൊക്കേഷന്‍ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ശേഖരിക്കുന്നുള്ളു എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.