തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍നിന്ന് ഹോം ലോണ്‍ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വസ്തു ജാമ്യം വെച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017 മുതലാണ് വീട്ടമ്മയെ ഇവർ പറ്റിച്ച് പണം തട്ടിയെടുക്കാൻ തുടങ്ങിയത്.
കെ.എസ്.എഫ്.ഇ ഏജന്റുമാരെന്ന് പരിചയപ്പെടുത്തി ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെയാണ് പ്രതികള്‍ കബളിപ്പിച്ചത്. ഹോം ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വസ്തുവിൻ്റെ രേഖകള്‍ കൈവശപ്പെടുത്തിയ പ്രതികള്‍ കെ.എസ്.എഫ്.ഇ മെഡിക്കല്‍ കോളജ് ബ്രാഞ്ചില്‍ വീട്ടമ്മ അറിയാതെ ചിട്ടികള്‍ പിടിക്കുന്നതിന് ജാമ്യം വെച്ചാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. തട്ടിപ്പു മനസ്സിലാക്കിയ വീട്ടമ്മ 2019ല്‍ കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
പ്രതികൾ ഒളിവില്‍ കഴിയുകയായിരുന്നു ഇത്രയും നാൾ തുടർന്ന് കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി.പി ഹരികുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐമാരായ പ്രശാന്ത്, രതീഷ്, ഷജീം, എസ്.സി.പി.ഒ നൗഫല്‍, സി.പി.ഒമാരായ വിനീത്, പ്രതാപന് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.