മൂന്നു ദിവസത്തോളം വൈദ്യുതി മുടങ്ങിയതിനാല്‍ കെഎസ്ഇബി ഓഫിസില്‍ പായ വിരിച്ചു കിടന്നുറങ്ങിയ യുവാവിനെതിരെ പൊലീസില്‍ പരാതി. കെഎസ്ഇബി ഓഫിസില്‍ അതിക്രമിച്ച് കയറി ജോലി തടസപ്പെടുത്തി എന്നു കാണിച്ചാണ് കുറിച്ചിക്കല്‍ സ്വദേശി പ്രദീപിനെതിരെ കരുവാറ്റ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരിപ്പാട് സിഐയ്ക്ക് പരാതി നല്‍കിയത്.
ഫോണ്‍ ചാര്‍ജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാള്‍ ഓഫിസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ഫോണ്‍ വീട്ടില്‍ പോയി ചാര്‍ജ് ചെയ്താല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫിസിനുള്ളില്‍ കിടക്കുകയായിരുന്നു. വൈദ്യുതി ഉടന്‍ എത്തുമെന്ന് ഉദ്യോഗസ്ഥന് പറഞ്ഞതിനെ തുടര്‍ന്നാണ് കുറച്ചു സമയത്തിനു ശേഷം പ്രതിഷേധം അവസാനിപ്പിച്ചത്.
തകഴി ഫീഡറില്‍ നിന്നാണ് കരുവാറ്റ സെക്ഷന്‍ പരിധിയിലുള്ള ഈ ഭാഗത്ത് വൈദ്യുതി വിതരണം ചെയ്യുന്നത്. എടത്വാ ഫീഡറില്‍ നിന്നുള്ള രണ്ട് ട്രാന്‍സ്ഫോര്‍മര്‍ കരുവാറ്റ സെക്ഷന്‍ പരിധിയിലാണുള്ളത്. ഇവിടെ നിന്നുള്ള തകരാറാണ് കരുവാറ്റയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ കാരണം.
പാടശേഖരങ്ങളോടു ചേര്‍ന്ന ഭാഗമായതിനാല്‍ ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണമാണ് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.