പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം നടത്തിയ ഏഴു പേര് അറസ്റ്റില്‍. ഗര്‍ഭിണിയാകാനായി യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് നിര്‍ബന്ധിച്ച് മനുഷ്യാസ്ഥി പൊടിച്ചത് കഴിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പൂനെ പൊലീസ് ബുധനാഴ്ച ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും മന്ത്രവാദിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
28 കാരിയായ യുവതി ബുധനാഴ്ചയാണ് സിന്‍ഹഗഡ് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ), 323, 504 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഏഴ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2013ലെ നരബലിയുടെയും അഘോരി ആചാരങ്ങളുടെയും ബ്ലാക്ക് മാജിക് ആക്റ്റിന്റെയും പ്രസക്തമായ വകുപ്പുകളും എഫ്ഐആറില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.
പരാതിക്കാരി 2019ലാണ് വിവാഹിതയായത്. യുവതി കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്. പ്രതികള്‍ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്നും മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പ്രതികള്‍ റിവോള്‍വര്‍ ചൂണ്ടിയാണ് യുവതിയെ മനുഷ്യ അസ്ഥികളുടെ പൊടി കഴിക്കാന്‍ നിര്‍ബന്ധിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍പ് പലതവണയും ഇത്തരത്തില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. 2022 മേയില്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മന്ത്രവാദം കൂടാതെ മറ്റു പല വിഷയങ്ങളിലും യുവതി പരാതി നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ കേസില്‍, പണവും സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ വിവാഹസമയത്ത് (2019 ല്‍) ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. അമാവാസികളില്‍ വീട്ടില്‍ അന്ധവിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയും ബലമായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി മറ്റൊരു പരാതിയില്‍ പറയുന്നു. അവിടെ വച്ച് തന്നോട് മനുഷ്യാസ്ഥി പൊടിച്ചത് കഴിക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
’28 കാരിയായ യുവതി 2019ല്‍ വിവാഹിതയായെങ്കിലും കുട്ടികളുണ്ടായിരുന്നില്ല. അതിനാല്‍ യുവതിയുടെ ഭര്‍ത്താവും മറ്റ് പ്രതികളും അമാവാസി ദിവസത്തില്‍ മന്ത്രവാദ ചടങ്ങുകള്‍ നടത്താറുണ്ടായിരുന്നു. പൊടിച്ച അസ്ഥി കലക്കിയ വെള്ളം തന്നെ കുടിക്കാന്‍ പ്രേരിപ്പിച്ചതായി യുവതി ആരോപിച്ചിട്ടുണ്ട്. ഒരു പ്രത്യേക വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ഭര്‍ത്താവ് സ്ഥിരമായി നിര്‍ബന്ധിച്ചിരുന്നതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്,’ സിംഗ്ഗഡ് റോഡ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജയന്ത് രാജൂര്‍ക്കര്‍ പറഞ്ഞു.