കൊച്ചി: എം ശിവശങ്കറിനെ കണ്ടതായും സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്ക് കമ്മീഷന് നല്‍കിയതായും യൂണിടാക് ഉടമ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ആറ് ശതമാനം കമ്മിഷനാണ് ആവശ്യപ്പെട്ടത്. സന്ദീപിന് 55 ലക്ഷം രൂപ അക്കൗണ്ടില്‍ നല്കി. ഇതും പരിശോധിക്കുകയാണ്. കൂടാതെ സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള പണം ആര്‍ക്ക് വേണ്ടിയുള്ളതാണെന്നും പരിശോധിക്കുന്നുണ്ട്. ലൈഫ് മിഷന് പദ്ധതിയുമായി വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
സ്വപ്ന ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി. ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് മിഷന് സിഇഒ യു.വി. ജോസാണ് സര്‍ക്കാരിന് വേണ്ടി ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. അതിനാലാണ് എന്‍ഫോഴ്സ്മെന്റ് യു വി ജോസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് യു വി ജോസിന് മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് എന്‍ഫോഴ്സ്മെന്റ്.
ധാരണാപത്രം നേരത്തെ തന്നെ എന്‍ഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ബാക്കി ഫയലുകള്‍ കൂടി പരിശോധിക്കും. ധാരണാപത്രത്തിലെ ദുര്‍ബലമായിട്ടുള്ള വ്യവസ്ഥകള്‍, മറ്റൊരു പ്രത്യക കരാറിലേക്ക് പോകാതിരുന്നതിന്റെ കാരണങ്ങള്‍, എം ശിവശങ്കറിന്റെ ഇടപെടലുകള്‍ എന്നിവയെപ്പറ്റിയും എന്‍ഫോഴ്സ്മെന്റ് പരിശോധിക്കും.