സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നല്കാന് കോടതി അനുമതി. സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നല്കിയ മൊഴിയാണ് ഇഡിക്ക് ലഭിക്കുക. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സിജെ എം കോടതിയാണ് അനുമതി നല്‍കിയത്. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കസ്റ്റംസ് അന്വേഷണം അവസാനിച്ച ഘട്ടത്തിലാണ് മൊഴി എടുക്കുന്നത്.
കസ്റ്റംസിന് നല്കിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മൊഴി നല്കാന് കഴിയില്ലെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
സ്വപ്ന സുരേഷ് പുതുതായി നല്കിയ 27 പേജുള്ള 164 മൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിനു നല്കിയ മൊഴിക്കായി ഇ ഡി വീണ്ടും കോടതിയെ സമീപിച്ചത്. കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയില്‍ നിലവിലെ 164 മൊഴിക്ക് സമാനമായ കൂടുതല്‍ വെളിപ്പെടുത്തലുകളുടെ ഉണ്ടോ എന്ന് അറിയുന്നതിനായി ആണ് ഇ.ഡിയുടെ നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ.ഡി യുടെ ഹര്‍ജി കോടതിയില്‍ എതിര്‍ക്കേണ്ടതില്ല എന്നാണ് ആണ് കസ്റ്റംസിന്റെ തീരുമാനം.
മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, സെക്രട്ടറി സി എം രവീന്ദ്രന്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്, മുന്‍മന്ത്രി കെ ടി ജലീല്‍ എന്നിവരുടേതക്കം പേരുകളാണ് സ്വപ്നയുടെ രഹസ്യമൊഴിയിലുള്ളത്. 2021ല്‍ ഇഡിക്ക് നല്കിയ മൊഴി രഹസ്യമൊഴിയുമായി ചേര്‍ത്തുവച്ചാണ് ഇഡി പരിശോധിച്ചത്. ഇവ രണ്ടും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നീക്കങ്ങള്‍.