ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യുന്ന സ്ഥലം മാറ്റി. എസ്പി ഓഫീസില്‍ വെച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. നേരത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാവാനായിരുന്നു നിര്‍ദ്ദേശം. കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ചോദ്യം ചെയ്യല്‍ എസ്പിയുടെ സാന്നിധ്യത്തിലാക്കിയതെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് മൂന്നരയോടെ കവരത്തിയിലെത്തിയതായി ഐഷ സുല്‍ത്താന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.. ദ്വീപില്‍ നിന്നുള്ള ആദ്യ ചിത്രം ‘ഇത് ഞങ്ങളുടെ മണ്ണ്’ എന്ന തലവാചകത്തോടെയാണ് ഐഷ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പൊലീസിന്റെ നിര്‍ദേശ പ്രകാരണമാണ് ലക്ഷദ്വീപിലെത്തിയിരിക്കുന്നത്. ഐഷയ്ക്ക് ഒപ്പം അഭിഭാഷകനും ദ്വീപിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് പൊലീസിന് മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം.
ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കുമെന്നും ഇതിന് ശേഷം മടങ്ങിയെത്താനാവുമെന്നാണ് കരുതുന്നത് എന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. തനിക്ക് സംഭവിച്ചത് നാക്കുപിഴയെ ആയുധമാക്കിയാണ് ഇപ്പോഴത്തെ നടപടികള്‍ എന്നും ഐഷ ആവര്‍ത്തിച്ചു.