ഗുവാഹത്തി: ലോക്ക്ഡൗണ്‍ മൂലം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതകുറഞ്ഞതോടെ രാജവെമ്പാലയെ ഭക്ഷണമാക്കി യുവാക്കള്‍. അരുണാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തിലെ യുവാക്കളാണ് ഭക്ഷണത്തിനായി കൂട്ടമായി വന്യജീവി വേട്ടക്കിറങ്ങിയത്.
ഭക്ഷണമാക്കാന്‍ പിടികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയുമൊത്ത് നില്ക്കുന്ന യുവാക്കളുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാഴയിലയിലിട്ട് പാമ്പിന്റെ തോലൂരി വൃത്തിയാക്കുന്നതും വേവിക്കാന്‍ പാകത്തിനുള്ള കഷ്ണങ്ങളാക്കുന്നതുമായ ദൃശ്യങ്ങളും വിഡിയോയില്‍ പകര്‍ത്തിയിരുന്നു. ലോക്ക്ഡൗണ്‍ മൂലം പണിക്ക് പോകാതായതോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അരിയും മറ്റ് ധാന്യങ്ങളും കഴിഞ്ഞുവെന്നും അതുകൊണ്ടാണ് വേട്ടക്കിറങ്ങിയത് എന്നാണ് വിഡിയോയിലൂടെ ഇവര്‍ വിശദീകരിച്ചിരുന്നത്. പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ യുവാക്കള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. എന്നാല്‍ ഇവര്‍ ഒളിവിലാണ്. രാജവെമ്ബാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അതിനെ കൊല്ലുന്നത് ജാമ്യം അനുവദിക്കാത്ത കുറ്റമാണ്.