കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നു. ചോദ്യം ചെയ്യലിന് കൃത്യമായി ഹാജരാകുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
അതേസമയം, ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്്റ്റംസ്. ശിവശങ്കറിന് ചികിത്സ തുടരണോയെന്ന് നിശ്ചയിക്കുന്ന നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗവും ഇന്ന് ചേരും.
കസ്റ്റംസിന്റെ നാടകീയ നീക്കങ്ങളും ശിവശങ്കറിന്റെ ആശുപത്രിവാസവും ചേര്‍ന്ന് സൃഷ്ടിച്ച അഭ്യൂഹങ്ങളില്‍ വ്യക്തത പ്രതീക്ഷിക്കുന്ന നിര്‍ണായക ദിവസമാണിന്ന്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമോയെന്നതാണ് ആദ്യത്തെ ചോദ്യം. വൈകിട്ട് മൂന്ന് മണിയോടെ ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് ഇതിന് ഉത്തരം പറയും.
ശിവശങ്കറിന് ചികിത്സ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗവും ഇന്ന് ചേരും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കര്‍ ഇന്നലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് വിവിധ പരിശോധനകളും നടത്തിയിട്ടുണ്ട്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.