അല്‍ ഖ്വയ്ദ ബന്ധത്തെ തുടര്‍ന്ന് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളെക്കുറിച്ച് കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി കേരള ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേരില്‍ ഒരാളായ മൊഷറഫ് ഹുസൈന് കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്തു വരികയാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം. മൊഷറഫിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ശേഖരിച്ചു വരികയാണ്.
കേരള പൊലീസിനേയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയാണ് എന്‍ഐഎ സംഘം ഇന്നലെ മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തത്. രാവിലെ മാധ്യമങ്ങള്‍ അറസ്റ്റ് വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ മാത്രമാണ് ഇക്കാര്യം സംസ്ഥാന പൊലീസ് അറിഞ്ഞത്. ഇന്നലെ അര്‍ധരാത്രി രണ്ട് മണിയോടെയാണ് എന്‍ഐഎ മൂവരേയും പിടികൂടിയത്.
പെരുമ്പാവൂരില്‍ നിന്നാണ് മൊഷറഫ് ഹുസൈനെ പിടികൂടിയത്. മുര്‍ഷിദിനെ കളമശ്ശേരിക്ക് അടുത്ത പാതാളത്തെ വാടക കെട്ടിട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ലെന്നും പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്നതായിരുന്നു ഇവരുടെ രീതി. പാതാളത്ത് നിന്നും പിടിയിലായ മുര്ഷിദില് നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എന്‍ഐഎ പിടികൂടിയിട്ടുണ്ട്.
കൊച്ചിയില്‍ അല്‍ഖ്വയ്ദ ഭീകരരെ പിടിച്ച സംഭവത്തില്‍ സ്ഥിതി ആശങ്കാജനകമാണെന്ന് മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥന് രാജ്മോഹന്‍ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അല്‍ഖ്വയ്ദ നിലയുറപ്പിച്ചതായുള്ള വിവരം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്ത്യക്ക് പുറമേ അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലാണ് അല്‍ഖ്വയ്ദ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. ചെറിയ ഇടങ്ങള്‍ രൂപീകരിച്ച് പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്ന ഐഎസ് രീതിയാണ് അല്‍ഖ്വയ്ദയും പിന്തുടരുന്നതെന്ന് രാജ്മോഹന്‍ പറഞ്ഞു.
ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പ്രാദേശികമായി പിന്തുണ ലഭിക്കാറുണ്ട്. പെരുമ്പാവൂരില്‍ പിടിയിലായവര്‍ക്കും അത്തരത്തില്‍ പിന്തുണ ലഭിച്ചിട്ടുണ്ടാകാം. വെബ്സൈറ്റ് രൂപീകരിച്ച് സോഷ്യല്‍ മീഡിയയുടെ ഇടപെടലോടെയാണ് ഇത്തരം ഭീകരര്‍ പിന്തുണ തേടുന്നത്. നിരവധി ചെറുപ്പക്കാര്‍ ഇതില്‍ ആകൃഷ്ടരാകാം. ഇവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടാകുമെന്നും രാജ്മോഹന്‍ കൂട്ടിച്ചേര്‍ത്തു.