പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പറയാത്തതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണം. കേസ് ഏറ്റെടുത്ത് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അപ്പീല്‍ വന്നതിനാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
അപ്പീലിലെ വിധിക്ക് അനുസരിച്ചുമതി തുടരന്വേഷണമെന്ന് കോടതി വാക്കാല്‍ പറഞ്ഞതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സിബിഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടു പ്രതികളിന്ന് ജാമ്യഹര്‍ജിയുമായി കോടതിയിലെത്തിയിരുന്നു. ഈ ഘട്ടത്തില്‍ അന്വേഷണം എന്തായി എന്ന് കോടതി സിബിഐ പ്രോസിക്യൂട്ടറോട് ആരാഞ്ഞു. അപ്പോഴാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ പ്രധാനപ്രതി പീതാംബരന് അടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളാണ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്ന് സിബിഐ വ്യക്തമാക്കി. ഡിവിഷന് വിധി പറയും വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിബിഐ അഭിഭാഷകര്‍ പറഞ്ഞു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല.