കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ അജ്ഞാതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഇന്നലെ രാവിലെയാണ് പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമല എന്ന സ്ഥലത്ത് സംഭവമുണ്ടായത്. നാല് മണിയോടെ ഇവരുടെ വീട്ടിലെത്തിയയാൾ വായില്‍ റബ്ബര്‍ പന്ത് തിരുകിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാൾ റെയിന്‍കോട്ടിട്ട് മുഖം മറച്ചാണ് എത്തിയത് എന്ന് വീട്ടമ്മ പറഞ്ഞു.
വര്‍ഷങ്ങളായി മദ്ധ്യവയസ്കയായ ഈ സ്ത്രീ ഒറ്റക്കാണ് താമസിച്ചിരുന്നത്. വീട്ടിലെത്തിയ അക്രമി വാതിലില്‍ തട്ടി വിളിക്കുകയായിരുന്നു. പിന്‍വശത്തെ വാതിലില്‍ ബഹളം കേട്ട് തുറന്ന വീട്ടമ്മയെ ക്ഷണനേരത്തില്‍ അക്രമി കടന്ന് പിടിക്കുകയും വായില്‍ പന്ത് കുത്തികയറ്റി കീഴ്പ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍ രക്ഷപ്പെട്ട സ്ത്രീ തൊട്ടടുത്ത താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇതിനിടെ അക്രമി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പിടിവലിക്കിടെ ഭിത്തിയില്‍ ഇടിച്ച് സ്ത്രീയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടു പോയത്. പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവരെ കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കും അക്രമി എന്ന നിഗമനത്തിലാണ് പൊലീസ്.