ഇടുക്കി: പെണ്‍സുഹൃത്തിനോടു സംസാരിച്ചതിന് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് മര്‍ദിച്ചു. പതിനാറും പതിനേഴും വയസ്സുള്ള 2 വിദ്യാര്‍ഥികളെ ആണ് അഞ്ചംഗസംഘം കെട്ടിയിട്ട് മര്‍ദിക്കുകയും, പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘം കുട്ടികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച് അവരുടെ കൈകള്‍ കൂട്ടിക്കെട്ടിയിട്ട് കമ്പിവടിയും ബീയര്‍ കുപ്പികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും, സ്വര്‍ണമാലയും സംഘം തട്ടിയെടുത്തതായും ബീയര്‍ കുപ്പി പൊട്ടിച്ചു കഴുത്തില്‍ കുത്തിപ്പിടിച്ചു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും കുട്ടികള്‍ പറഞ്ഞു. മര്‍ദനത്തില്‍ മുഖത്തും പുറത്തും പരുക്കേറ്റ ഇരുവരും കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.