കൊച്ചി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഇബ്രാഹിംകുഞ്ഞിനും അദ്ദേഹത്തിന്റെ മകനും ലീഗ് നേതാവുമായ അബ്ദുള്‍ ഗഫൂറിനുമെതിരെയാണ് ഹര്‍ജി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിനെ ഭീക്ഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി ഉത്തരവ്. സംഭവത്തില്‍ വിജിലന്‍സ് ഐജി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ടു നല്‍കണമെന്ന് കോടതി.
കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി.
ലോക്ക് ഡൗണ്‍ സമയത്ത് ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞും മകനും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ച് ഒരു പ്രത്യേക അപേക്ഷയും ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചു.പ്രാഥമിക അന്വേഷണം തുടങ്ങി. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പരാതിക്കാരനായ ഗിരീഷ് ബാബു. തനിക്കെതിരായ ഭീഷണി പാലാരിവട്ടം കേസന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
നേരത്തെ ഹൈക്കോടതി ജഡ്ജിക്കും പോലീസിനും ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇത് പ്രകാരം ഒരു ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതായ കണ്ടെത്തലുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഗിരീഷ് ബാബുവിന് പോലീസ് സംരക്ഷണം വേണമെങ്കില്‍ അനുവദിക്കാമെന്ന നിലപാടാണ് പോലീസ് കോടതിയില്‍ സ്വീകരിച്ചത്.