കോഴിക്കോട്: വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്പിക്ക് പരാതി നല്കി. ദുബായ് ജാഫലിയ്യയിലെ ഫ്ളാറ്റിലാണ് റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതി രാത്രിയാണ് റിഫ മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് റിഫയുടെ സഹോദരന് റിജുന് പറഞ്ഞു.
നേരത്തെ റിഫയുടെ മരണം ആത്മഹത്യയല്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് രാത്രി റിഫ വീഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് മകന് ചുംബനം നല്‍കിയാണ് റിഫ സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം ഫ്ളാറ്റില്‍ എത്തിയ റിഫ ഉമ്മ ഷറീനക്ക് വാട്സാപ്പില്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. രാത്രി വൈകി എത്തിയ ഈ സന്ദേശം ഉമ്മ കണ്ടിരുന്നില്ല. ശബ്ദ സന്ദേശത്തില്‍ കരഞ്ഞുകൊണ്ട് റിഫ പറഞ്ഞത് ‘വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ’… എന്നായിരുന്നു. അതിനു മുന്‍പ് സഹോദരന് റിജുന് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്ന കാര്യത്തിലും കുടുംബം ദുരൂഹത സംശയിക്കുന്നുണ്ട്.
ഭാഗങ്ങളാക്കി തിരിച്ച ഫ്ലാറ്റിലായിരുന്നു ദുബായില്‍ റിഫയുടെയും ഭര്‍ത്താവിന്റെയും താമസം. എന്നാല്‍ ഇവരെ കൂടാതെ മെഹ്നാസിന്റെ ക്യാമറാമാനും സുഹൃത്തുമായ യുവാവും ഇവിടെ ഉണ്ടായിരുന്നതായാണ് കുടുംബത്തിനു ലഭിച്ച വിവരം. ഇയാള്‍ക്കെതിരെയുളള ആരോപണമാണ് മരിക്കുന്നതിന് മണിക്കൂറികള്‍ മുമ്പ് റിഫ അയച്ച ഓഡിയോ സന്ദേശത്തിലുളളതെന്നാണ് കൂടുംബം കരുതുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ റിഫയുടെ ജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും അതെല്ലാം അവള് മറച്ചു വയ്ക്കുകയായിരുന്നെന്നും സഹോദരന് പറഞ്ഞു.
ഈ മാസം ഒന്നിന് റിഫയെ ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റിഫ യുട്യൂബിലൂടെ വ്ളോഗിംഗ് ആരംഭിച്ചത്. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിംഗ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വ്ളോഗില്‍ നിറഞ്ഞു നിന്നിരുന്നത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹ മാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.