പോത്തുണ്ടി ഇരട്ടകൊലപാതകത്തില്‍ കുറ്റസമ്മതത്തിന് തയ്യാറല്ലെന്ന നിലപാടുമായി പ്രതി ചെന്താമര. ചിറ്റൂര്‍ കോടതിയില്‍ കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് ചെന്താമര നിലപാട് മാറ്റിയത്. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നല്‍കുന്നതെന്നും ചെയ്ത തെറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആദ്യം കോടതിയില്‍ പറഞ്ഞെങ്കിലും മൊഴി നല്കിയാലുണ്ടാവുന്ന ഭവിഷ്യത്ത് മനസിലാക്കാന്‍ അഭിഭാഷകരുമായി സംസാരിക്കാന്‍ സമയം അനുവദിച്ചതിന് പിന്നാലെയാണ് നിലപാട് മാറ്റിയത്.
അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ചിറ്റൂര്‍ മജിസ്ട്രേറ്റ് കോടതിയെ പാലക്കാട് സി.ജെ.എം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
അതേസമയം, ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം റദ്ദാക്കി. 2019ല്‍ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കല്‍ നടപടി.
കഴിഞ്ഞ മാസം 27 നാണ് പോത്തുണ്ടി സ്വദേശി സുധാകരന്, അമ്മ ലക്ഷ്മി എന്നിവരെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കുറ്റസമ്മത മൊഴി വിചാരണയ്ക്ക് ബലം നല്‍കുമെന്ന അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടലാണ് തെറ്റിയത്. പ്രതി മൊഴി മാറ്റിയെക്കുമെന്ന ആശങ്കയും അന്വേഷണസംഘത്തിന് ഉണ്ടായിരുന്നു.