സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ പരാതിക്കാരനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് നീക്കം. അതേസമയം സണ്ണി ലിയോണിനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമാകും നടപടിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നടിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ ചില വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നിലവിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സണ്ണിലിയോണിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നടിയെ വിളിച്ചുവരുത്തില്ലെന്നും അവശ്യമെങ്കില്‍ നടിക്ക് കൂടി സ്വീകാര്യമായ സ്ഥലത്ത് വച്ച് ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നേരത്തെ നടിയുടെ ബോംബേ സിറ്റി ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഷിയാസ് ഈ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നിക്ഷേപിച്ചതായി തെളിവും ലഭിച്ചിട്ടുണ്ട്. അതേസമയം നടിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരനായ ഷിയാസ്. സണ്ണി ലിയോണ്‍ മൂലം തനിക്ക് ഒന്നര കോടി രൂപയുടെ നഷ്ടമുണ്ടായെന്നും 40 ലക്ഷം രൂപ സ്റ്റേജിനും മറ്റുമായി മുടക്കിയതായും ടിക്കറ്റ് തുക മടക്കി നല്‍കേണ്ടി വന്നുവെന്നും അന്വേഷണ സംഘത്തോട് ഷിയാസ് വ്യക്തമാക്കിയിട്ടുണ്ട്.