ലൈഫ് മിഷന് പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷന്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷന് തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ അടക്കമുള്ളവര്‍ക്ക് സ്വപ്ന കമ്മീഷന്റെ ഒരു വിഹിതം നല്‍കിയെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഈ കമ്മീഷന് തുക ഒരു ഈജിപ്ഷ്യന്‍ പൗരനും നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന സമ്മതിച്ചു. ഇത്തരത്തിലുള്ള പദ്ധതി കൊണ്ടുവരുന്നതിന് ഈജിപ്ഷ്യന്‍ പൗരന് പങ്കുണ്ട്.
പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ച് നല്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി 18 കോടിയുടേതാണെന്നാണ് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്. ഇതിന്റെ ഇരുപത് ശതമാനം അതായത് 3 കോടി 60 ലക്ഷം രൂപ സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കുമായി ലഭിച്ചു. യുഎഇയിലെ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനുമായും സ്വപ്ന മൂന്നു കോടി 60 ലക്ഷം പങ്കിട്ടു. നിര്‍മാണക്കരാര്‍ ഏറ്റെടുക്കാന്‍ നിര്‍മാണക്കമ്പനിയുമായി ചര്‍ച്ച നടത്തിയത് സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണെന്നും എന്‍ഫോഴ്സ്മെന്റ് സൂചിപ്പിക്കുന്നു.
കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങിന് കരാര്‍ നല്കിയ കമ്പനിയില്‍ നിന്ന് സ്വപ്നയ്ക്ക് 2019 ല്‍ 70 ലക്ഷം രൂപ ലഭിച്ചെന്നും എന്‍ഫോഴ്സ്മെന്റിന് വിവരമുണ്ട്. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളറായിരുന്നു സ്വപ്നയുടെ കമ്മിഷന്.
അതേസമയം, സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കും. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ഇന്ന് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്വപ്നാ കേസില്‍ വാദം നടക്കുന്നതിനാല്‍ നാളെയോ തൊട്ടടുത്ത ദിവസമോ ആകും വേണുഗോപാലിനെ ചോദ്യം ചെയ്യുക. എം ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും താനും ചേര്‍ന്നാണ് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഈ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുനപരിശോധിക്കും.