തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് പേര് അറസ്റ്റില്‍. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറി. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. എഴുപതോളം പ്രതിഷേധക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കനിയാമ്മൂര് മെട്രിക്കുലേഷന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, സെക്രട്ടറി, കറസ്പോണ്‍ണ്ടന്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് സ്കൂള്‍ അധികൃതരാണ് ഉത്തരവാദികള്‍ എന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധം ഉണ്ടായത്. കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യമുണ്ടായിരുന്നു.
കുട്ടിയുടെ ബന്ധുക്കളും, നാട്ടുകാരും, സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളും പങ്കെടുത്ത പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസുകാര്‍ക്കു നേരെ കല്ലെറിയുകയും, സ്കൂള്‍ ബസുകള്‍ക്ക് തീവെക്കുകയും, പൊലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.
500 ഓളം പൊലീസുകാരാണ് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ എത്തിയത്. പൊലീസുകാര്‍ക്കുള്‍പ്പടെ പരുക്കേറ്റിരുന്നു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. തമിഴ്നാട് ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെയായിരുന്നു വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ഹോസ്റ്റല്‍ പരിസരത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിന് കാരണക്കാര്‍ സ്കൂള്‍ അധികൃതരാണെന്നും, ഇത്തരം സംഭവങ്ങള്‍ സ്കൂളില്‍ നേരത്തെയുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിന്റെ മറവില്‍ അദ്ധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലും ഇതിന്റെ സൂചനകളുണ്ടായിരുന്നു.