മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം, കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛൻ്റെ കടയ്ക്ക് തീയിട്ടതും പ്രതി വിനേഷ് എന്ന് പൊലീസ്. ദൃശ്യയുടെ അച്ഛന് ബാലചന്ദ്രൻ്റെ സി കെ സ്റ്റോര്‍സ് എന്ന കടയില്‍ തലേദിവസം രാത്രി തീപിടുത്തമുണ്ടായിരുന്നു. ഇത് ആസൂത്രിതമായി പ്രതി ചെയ്തത് ആണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ്റെ ശ്രദ്ധ തിരിക്കാന്‍ ആയിരുന്നു ഇയാൾ കടക്ക് തീയിട്ടതെന്നും തുടർന്നാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.
പോലീസ് പ്രതിയുമായി ഇന്ന് തെളിവെടുപ്പ് ആരംഭിക്കും. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പ് തുടങ്ങുക. കൊല നടന്ന സ്ഥലത്തും ദൃശ്യയുടെ അച്ഛൻ്റെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ദൃശ്യയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം തെളിവെടുപ്പിന് ശേഷം ഇന്ന് പ്രതിയെ റിമാൻഡ് ചെയ്തേക്കും.